കളക്ടർ മാമന്റെ പ്രചോദിപ്പിക്കുന്ന ജീവിതം
"വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാർഥിയായിരുന്നു ഞാൻ. എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ പഠനം നിർത്തി ഏതെങ്കിലും കടയിൽ ജോലിക്ക് പോകണമെന്നും അത് കുടുംബത്തിന് സഹായകമാകുമെന്നും ബന്ധുക്കൾ പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാനുള്ള പണവുമുണ്ടായിരുന്നില്ല. വിദ്യാഭ്യാസം തുടരണമെന്നും അതിന് വേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാമെന്നും ഒരു അയൽക്കാരൻ പറഞ്ഞു. പക്ഷേ, ഒരാളിൽ നിന്ന് സഹായം സ്വീകരിക്കാൻ എന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. തുടർന്ന് അമ്മ പറഞ്ഞതനുസരിച്ച് സ്കൂൾ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തിലാണ് എട്ടും ഒൻപതും പത്തും ക്ലാസുകൾ പഠിച്ചത്. വിദ്യാഭ്യാസം എത്ര പ്രധാനമാണെന്ന് അപ്പോൾ ഞാൻ മനസിലാക്കി. അന്നു മുതൽ നന്നായി പഠിക്കാൻ ആരംഭിച്ചു. പത്താം ക്ലാസിലും ഇന്റർമീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വർണ മെഡൽ ജ...