യുപി യിൽ തലവേദനയായി 1621 അധ്യാപകരുടെ കൂട്ടമരണം; തെളിവടക്കം പരാതിപ്പെട്ട് സംഘടന
യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേന്ദ്രങ്ങളായ ജില്ലകളിലെ തോൽവിയെക്കാൾ യോഗി ആദിത്യനാഥ് സർക്കാരിനെ ഇപ്പോൾ വിഷമിപ്പിക്കുന്നത് ചില കണക്കുകളാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പു ഡ്യൂട്ടി ചെയ്ത 1621 അധ്യാപകരും അനധ്യാപകരും കോവിഡ് ബാധിച്ചു മരിച്ചുവെന്ന് യുപിയിലെ പ്രമുഖ അധ്യാപക സംഘടന വെളിപ്പെടുത്തിയത് ചെറുക്കാനുള്ള കഠിന ശ്രമത്തിലാണ് സർക്കാർ. ഉത്തർ പ്രദേശീയ പ്രാഥമിക് ശിക്ഷക് സംഘ് വെറുതേ ആരോപണമുന്നയിക്കുകയല്ല ചെയ്തത്. മരിച്ച 1621 പേരുടെയും പേരും വിലാസവും മൊബൈൽ നമ്പറും മരണകാരണവും ചേർത്ത് വിശദമായ കണക്കാണ് സർക്കാരിനു നൽകിയത്. 1332 അധ്യാപകർ, 209 ശിക്ഷാ മിത്രങ്ങൾ (സഹ അധ്യാപകർ), 25 അനുദേശകർ (ഇൻസ്ട്രക്ടർമാർ), 5 ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർമാർ, 15 ക്ലർക്കുമാർ, 35 അനധ്യാപക ജീവനക്കാർ എന്നിവരുടെ വിശദ വിവരങ്ങളാണ് സംഘടനയുടെ പ്രസിഡന്റ് ദിനേശ് ചന്ദ്രശർമ സർക്കാരിനു നൽകിയത്. ഏപ്രിൽ ആദ്യവാരം മുതൽ മേയ് 16 വരെ മരിച്ചവരാണ് ഇവർ. ഒരു കോടി രൂപ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിനു മാതൃകയാണ് യുപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പ്രശംസിച്ചിരു...