സ്‌കൂള്‍ വിദ്യാര്‍ഥി പ്രവേശനത്തിന്‌ അടുത്ത അധ്യയന വര്‍ഷവും അഞ്ചു വയസ്‌ തന്നെ

Unknown
സ്‌കൂള്‍ വിദ്യാര്‍ഥി പ്രവേശനത്തിന്‌ അടുത്ത അധ്യയന വര്‍ഷവും അഞ്ചു വയസ്‌ തന്നെ തുടരാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ പ്രവേശന പ്രായം വര്‍ധിപ്പിക്കും വരെ ഈ നില തുടരും. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ മന്ത്രി പി.കെ. അബ്‌ദുറബാണ്‌ ഇക്കാര്യം അറിയിച്ചത്‌.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ്‌ പ്രവേശന പ്രായം ആറുവയസ്‌ ആക്കണം. കേരളം ഇതിനു തീരുമാനിച്ചിട്ടുണ്ട്‌. എന്നാല്‍ കേരളത്തിലടക്കം പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും അഞ്ചു വയസിലാണ്‌ പ്രവേശനം. ഈ സാഹചര്യത്തിലാണു കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ഒരേസമയത്ത്‌ പ്രായമാറ്റം നടപ്പാക്കിയാല്‍ മതിയെന്നു തീരുമാനിച്ചത്‌. അതിനാല്‍ ഇക്കൊല്ലം അഞ്ചാം വയസില്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാം.

എല്‍.പി, യു.പി. ഘടനാ മാറ്റം സാങ്കേതികം മാത്രമായിരിക്കും. ഇതിനായി സമീപ സ്‌കൂളുകള്‍ ചേര്‍ത്ത്‌ ക്ലസ്‌റ്ററുകള്‍ രൂപവല്‍കരിക്കും. വിദ്യാര്‍ഥികള്‍ക്കു നിലവിലുള്ള സ്‌കൂള്‍ മാറ്റമുണ്ടാകും. വി.എച്ച്‌.എസ്‌.ഇ. ലയനം പെട്ടെന്നുണ്ടാകില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അഞ്ചാം ക്ലാസ്‌ എല്‍.പിയിലേക്കും എട്ടാം ക്ലാസ്‌ യു.പിയിലേക്കും മാറ്റണം. ഈ മാറ്റം ഇക്കൊല്ലം സാങ്കേതികമായി നടപ്പാക്കും. നാലും ഏഴും ക്ലാസുകള്‍ പൂര്‍ത്തിയാകുന്ന കുട്ടികള്‍ക്കു തൊട്ടടുത്ത ക്ലാസിലേക്കു മാറാന്‍ ടി.സി. നല്‍കില്ല.

പകരം പ്രധാനാധ്യാപകന്‍ സാക്ഷ്യപത്രം നല്‍കും. ഇതു പ്രകാരം മറ്റു സ്‌കൂളുകള്‍ക്ക്‌ അഞ്ചിലും എട്ടിലും പ്രവേശനം നല്‍കാം. ഒരു കിലോമീറ്റര്‍ ചുറ്റളവിലെ യു.പി-എല്‍.പി. സ്‌കൂളുകളെയും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ ഹൈസ്‌കൂളുകളെയും ചേര്‍ത്ത്‌ സ്‌കൂളുകളുടെ ക്ലസ്‌റ്ററുകളുണ്ടാക്കും. ഈ ക്ലസ്‌റ്റര്‍ സ്‌കൂളുകള്‍ തമ്മിലാകും സാക്ഷ്യപത്രപ്രകാരം കുട്ടികളെ ചേര്‍ക്കാനും വിടുതല്‍ നല്‍കാനും അനുവദിക്കുക. ഇങ്ങനെ അഞ്ചിലും എട്ടിലും പ്രവേശനം നേടുന്ന കുട്ടികള്‍ രേഖകള്‍ പ്രകാരം അവര്‍ നാലിലും ഏഴിലും പഠിച്ച സ്‌കൂളുകളിലെ വിദ്യാര്‍ഥികളായി തുടരും. പഠനം പുതിയ സ്‌കൂളിലും രേഖകള്‍ പഴയ സ്‌കൂളിലും. ഇവയെ മദര്‍ സ്‌കൂള്‍, ഫീഡര്‍ സ്‌കൂള്‍ എന്നിങ്ങനെ വേര്‍തിരിക്കും.

വി.എച്ച്‌.എസ്‌.ഇ. ലയനം തിരക്കിട്ട്‌ കേരളം നടപ്പാക്കില്ല. ഈ വര്‍ഷവും പഴയ രീതിയില്‍ പ്രവേശനം തുടരും. വി.എച്ച്‌.എസ്‌.ഇയും എച്ച്‌.എസ്‌.ഇയും ഒരേ ബോര്‍ഡിനു കീഴിലാക്കും. എന്നാല്‍ കോഴ്‌സ് നിര്‍ത്തും എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ അടിസ്‌ഥാനരഹിതമാണെന്നു മന്ത്രി പറഞ്ഞു.

പ്രൈമറി അധ്യാപകരുടെ യോഗ്യതാ പരീക്ഷയില്‍നിന്ന്‌ 2011-12 അധ്യയന വര്‍ഷത്തിനു മുമ്പ്‌ സര്‍വീസില്‍ പ്രവേശിച്ചവരെ ഒഴിവാക്കും. സ്‌പെഷലിസ്‌റ്റ് അധ്യാപകരെ ഉപയോഗിച്ച്‌ എല്ലാ പഞ്ചായത്തിലും ഒരോ ആശ്വാസ്‌ സ്‌കൂള്‍ തുടങ്ങും. 12 നിയമസഭാ മണ്ഡലങ്ങളില്‍ ഈ വര്‍ഷം ഇതു നടപ്പാക്കും. 6,000 സ്‌പെഷലിസ്‌റ്റ് അധ്യാപകരെ ഇതില്‍ നിയമിക്കും. പഞ്ചായത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ സ്‌കൂളില്‍ പരിശീലനം നല്‍കാനാകും വിധം പ്രവര്‍ത്തനം ക്രമീകരിക്കും.

പഠന നിലവാരം കുറഞ്ഞതിനാല്‍ കുട്ടികള്‍ പ്രവേശനം നേടാന്‍ തയാറാകാത്ത സ്‌കൂളുകളെ ഉള്‍പ്പെടുത്തി പ്രിഫറന്‍സ്‌ സ്‌കൂള്‍ പദ്ധതി നടപ്പാക്കും. എ.ഇ.ഒ. ഓഫീസിലെ ഒരു ഉദ്യോഗസ്‌ഥന്‌ ഒരു സ്‌കൂളിന്റെ ചുമതല നല്‍കും. ഒരു പ്രദേശത്തെ എല്ലാ സ്‌കൂളിലും 100-150 കുട്ടികള്‍ വരത്തക്ക വിധം പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ