സിലബസിൽ ഇല്ലാത്ത (ജീവിത) പാഠങ്ങൾ!
മെയ് മാസത്തിലെ ആദ്യ ആഴ്ച കഴിയുന്നു, പതിനേഴ് വരെ ലോക്ക് ഡൌൺ ആണ്.പ്രവാസികൾ വന്നു കഴിഞ്ഞാലുള്ള അവസ്ഥ പ്രവചിക്കാനുമാവില്ല. ജൂൺ ആദ്യമാണ് സ്കൂൾ തുറക്കേണ്ടത്. അതിനു മുൻപായി ക്ലാസ് തുടങ്ങുന്നതിലേക്ക് ഏറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളതുകൊണ്ട് അതും കൃത്യസമയത്ത് നടക്കുമെന്ന് തോന്നുന്നില്ല. ആഗസ്റ്റ് വരെയും കുട്ടികൾ വീട്ടിൽത്തന്നെ ആയിരിക്കുമെന്ന് ചിന്തിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതാണ് ബുദ്ധി. എന്നാൽ അത് ആലോചിക്കുന്പഴേ എല്ലാവർക്കും തലകറങ്ങും എന്നതുകൊണ്ട് ജൂലൈ ഒന്നുമുതൽ ക്ലാസുകൾ തുറക്കുമെന്ന് തൽക്കാലം വിചാരിക്കാം. (ആ വിചാരം പിന്നീട് നീട്ടിയാൽ മതിയല്ലോ). എന്നുവെച്ച് മെയ്, ജൂൺ മുഴുവൻ കുട്ടികൾ വീട്ടിൽ വെറുതെയിരിക്കണമെന്ന് അർത്ഥമില്ല. നമ്മുടെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും അവരുടെ സിലബസിൽ ഇല്ല, അഥവാ ഉണ്ടെങ്കിൽത്തന്നെ വേണ്ടതുപോലെ കവർ ചെയ്യപ്പെടുന്നില്ല. അത് ചെയ്യാനുള്ള അവസരമായി ഈ വരുന്ന മാസങ്ങൾ പ്രയോജനപ്പെടുത്താം. ചില ഉദാഹരണങ്ങൾ: ഈ കൊറോണക്കാലത്ത് കുട്ടികളെ ആരോഗ്യത്തെയും ആരോഗ്യ ശീലങ്ങളെയും പറ്റി പഠിപ്പിക്കാം. മഴക്കാലവുമായി ജൂൺ വരികയായി. ജല സുരക്ഷയെ, പ്രളയത്തെ, ജലജന്യരോഗങ്ങള...